തൃശ്ശൂർ: ബ്ലേഡ് മാഫിയയുടെ ഭീഷണി സഹിക്കാനാകാതെ പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂർ ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്. ഈ മാസം 12നായിരുന്നു രമേശ് ജീവനൊടുക്കിയത്.
പ്രതിദിനം 300 രൂപ പലിശയ്ക്ക് 5000 രൂപയാണ് രമേശ് ബ്ലേഡ് മാഫിയയുടെ കയ്യിൽ നിന്ന് കടമെടുത്തത്. 10,300 രൂപ തിരികെ നൽകിയെങ്കിലും വീണ്ടും പണം ചോദിച്ച് രമേശിനെ പലിശക്കാർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.
പണം കൊടുക്കാതായപ്പോൾ വാഹനം പിടിച്ചു വാങ്ങിയെന്നും പോലീസിൽ പരാതി നൽകിയപ്പോൾ ഭീഷണി കൂടിയെന്നും ഇതിൽ മനംനൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്നും രമേശിന്റെ കുടുംബം പറഞ്ഞു.
കുടുംബ സുഹൃത്തിന്റെ ബന്ധുവിന്റെ കമ്പനിയിൽ നിന്നാണ് രമേശ് പണം കടമെടുത്തത്. സംഭവത്തിൽ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.
ഇതിനിടെ, രമേശിന്റെ ഭാര്യയെ പലിശക്കാർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് ആറാം തീയതിയാണ് രമേശ് പണം കടമെടുത്തത്. കടമെടുത്തതിന്റെ ഇരട്ടിയിലധികം പണം തിരികെ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയായിരുന്നു.
Discussion about this post