‘വിജയേട്ടന്റെ വിയോഗം കേട്ടത് ഞെട്ടലോടെ, വീണ്ടും കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്’: ബാലാജി ടീസ്റ്റാള്‍ ഉടമ വിജയന് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ചായക്കട വരുമാനത്തിലൂടെ ലോക സഞ്ചാരം നടത്തിയ കെആര്‍ വിജയന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിജയേട്ടന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് മന്ത്രി ഫേസ്ബുക്കിലെ അനുശോചന കുറിപ്പില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 30ന് ചായക്കട സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. കേരള ടൂറിസത്തില്‍ നടപ്പിലാക്കേണ്ട ആശയങ്ങള്‍ അന്ന് ചര്‍ച്ച ചെയ്തിരുന്നെന്നും റഷ്യന്‍ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മന്ത്രി കുറിച്ചു.

ചായക്കട നടത്തി ലോകം മുഴുവന്‍ സഞ്ചരിച്ച വിജയേട്ടന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഈ സഞ്ചാരി മനസ്സില്‍ സൂക്ഷിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് 25 ലോക രാജ്യങ്ങള്‍ സഞ്ചരിച്ച വിജയേട്ടനും മോഹനാമ്മയും റഷ്യയില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പൊള്‍.

മധുരമേറിയ യാത്രാനുഭവങ്ങളും രുചികരമായ ഭക്ഷണവും നല്‍കിയാണ് അവര്‍ സ്വീകരിച്ചത്. ഒട്ടേറെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. കേരള ടൂറിസത്തില്‍ നടപ്പിലാക്കേണ്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. റഷ്യന്‍ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പക്ഷേ.. പ്രിയപ്പെട്ട വിജയേട്ടന് ആദരാഞ്ജലികള്‍..

Exit mobile version