തിരുവനന്തപുരം: വിൽപന കാര്യക്ഷമമാക്കാൻ സപ്ലൈകോ മരുന്ന് വില ഗണ്യമായി കുറയ്ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. ഇൻസുലിന് 25 ശതമാനം വില കുറയ്ക്കുമെന്നും മറ്റു മരുന്നുകളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യസാധനങ്ങളുടെ വില പൊതുവിൽ വർധിച്ചിട്ടുണ്ടെങ്കിലും സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല. ഉത്പാദിപ്പിക്കുന്ന സ്ഥലത്തേക്കാൾ വില കുറച്ച് സപ്ലൈകോ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോ ടെൻഡർ നടപടികളിൽ പങ്കെടുക്കുന്ന കമ്പനികളുടെ ഉത്പന്ന സാമ്പിളുകൾ മന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കുമെന്നും മെച്ചപ്പെട്ട ഉത്പന്നങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഉത്പാദന കേന്ദ്രങ്ങളിൽ പോയി വിഭവങ്ങൾ സംഭരിക്കുമെന്നും എല്ലാ ജില്ലകളിലെയും ഡിപ്പോകളിലും ഗോഡൗണുകളിലും പരിശോധനകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പച്ചക്കറിയുടെ വില വർധിച്ചത് പരിഹരിക്കാൻ വിവിധ ഏജൻസികൾ വഴി വിപണിയിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. റേഷൻ കാർഡ് നടപടികൾ ലഘൂകരിച്ചതോടെ കാർഡ് ഉടമകളുടെ എണ്ണം വർധിച്ചുവെന്നും വാടകയ്ക്ക് താമസിക്കുന്നവർക്ക് ഇത് കൂടുതൽ പ്രയോജനകരമായെന്നും മന്ത്രി പ്രതികരിച്ചു.