കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു എട്ടു വയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം.
ചെറിയ കുട്ടിയോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാണിച്ചു. പോലീസ് പീഡനത്തിനെതിരെ പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേസ് വീണ്ടും പരിഗണിക്കും.
ഈ ഉദ്യോഗസ്ഥ ഇപ്പോഴും സർവീസിലുണ്ടോയെന്നും വഴിയിൽ കണ്ട കുട്ടിയോട് എന്തിന് ഫോൺ അന്വേഷിച്ചുവെന്നും കോടതി ചോദിച്ചു. പോലീസ് നന്നാവണമെന്ന് എത്ര കാലമായി പ്രസംഗിക്കുന്നു, എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഉചിത നടപടിയുണ്ടായില്ലെങ്കിൽ പുതുതലമുറക്ക് പോലീസിനെ ഭയമാകുമെന്നും കോടതി പറഞ്ഞു.
Discussion about this post