തിരുവനന്തപുരം: പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 3,51,51,300 രൂപ നികുതി അടച്ച് തിരുവനന്തപുരത്തെ ലുലു മാള്‍. ലൈബ്രറി സെസും സേവന നികുതിയും ഉള്‍പ്പെടെയാണ് 3,51,51,300 രൂപ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പേ ലുലു അധികൃതര്‍ കോര്‍പറേഷനില്‍ അടച്ചത്.
കെട്ടിട നിര്‍മാണം പൂര്‍ത്തിയായെന്ന് എന്‍ജിനീയറിങ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാര്‍ച്ച് 19നാണ്. അസസ്മെന്റ് പൂര്‍ത്തിയായ ദിവസം മുതല്‍ നികുതി നിര്‍ണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി മുഴുവനായി അടയ്ക്കേണ്ടി വന്നത്.
സിനിമ തിയറ്റര്‍, വന്‍കിട ഹോട്ടലുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഫിസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ലുലു മാളില്‍ ആരംഭിക്കാനിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 60 രൂപ നിരക്കില്‍ 11,096.30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 12 സ്ക്രീനുകള്‍ക്കാണ് നികുതി നിര്‍ണയം നടത്തിയിരിക്കുന്നത്.
ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കില്‍ 2,320.04 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓഫിസ് സ്ഥലത്തിനും പാര്‍ക്കിങ് ഏരിയ ഉള്‍പ്പെടെ ചതുരശ്ര മീറ്ററിന് 150 രൂപ നിരക്കില്‍ 1.99 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തിനും നികുതി നിര്‍ണയിച്ചു.
4000 വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. 293 ടിസി നമ്പരുകളാണ് അനുവദിച്ചിരിക്കുന്നത്. മാളില്‍ ആരംഭിക്കാനിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ട്രേഡ് ലൈസന്‍സ്, തൊഴില്‍ നികുതി എന്നിവ ഉള്‍പ്പെടെ ഇനിയും ലുലുവില്‍ നിന്ന്
കോടികള്‍ കോര്‍പറേഷനിലേക്ക് ഒഴുകുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത മാസം 16 നാണ് ലുലു മാള്‍ ഉദ്ഘാടനം. കടകംപള്ളി സോണല്‍ ഓഫിസിനു കീഴിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ സൂപ്രണ്ട് ഉള്‍പ്പെടെ 3 ജീവനക്കാര്‍ 3 ദിവസം രാത്രിയും പകലും ജോലിയെടുത്താണ് നികുതി നിര്‍ണയം പൂര്‍ത്തിയാക്കിയത്.
ടെക്നോപാര്‍ക്ക് കഴിഞ്ഞാല്‍ കോര്പറേഷന് ഖജനാവു നിറയ്ക്കുന്ന നഗരത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമായിരിക്കുകയാണ് ആക്കുളത്തെ ലുലു മാള്‍.
17 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ടെക്നോപാര്‍ക്ക് സമുച്ചയത്തില്‍ നിന്നു 9 കോടിയോളം രൂപയാണ് പ്രതിവര്‍ഷം കെട്ടിട നികുതി ഇനത്തില്‍ ലഭിക്കുന്നത്.
Discussion about this post