കൊച്ചി: അപകടത്തിൽ മരിച്ച മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. റോയിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഹോട്ടലിൽ ഡിജെ പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് പോലീസ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെഎ.മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെട്ടത്.
റോയി മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡിജെ നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ നൽകിയെന്നാണ് സംശയം. പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് ഇറങ്ങിപ്പോരുകയായിരുന്നു എന്നും സംശയിക്കുന്നു.
അതേസമയം, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസിന് ശക്തമായ തെളിവുകൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്ന മൊഴിക്ക് പ്രാധാന്യമുണ്ട്. തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്താനൊരുങ്ങുകയാണ്. അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്.
അതേസമയം, എന്നാൽ, സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാനായി പറഞ്ഞതാണോ എന്നും സംശയിക്കുന്നുണ്ട്.
Discussion about this post