പാലക്കാട്: പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കണ്ടമംഗലത്തെ ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം പന്നി ഓടിക്കയറിയത്.
വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ചിന്നമ്മയ്ക്ക് ആദ്യം എന്താണ് സംഭവം എന്ന് മനസ്സിലായില്ല. എന്നാല്‍ കാട്ടു പന്നിയാണെന്ന് മനസ്സിലായതോടെ അടുത്ത മുറിയില്‍ കയറി കതകടക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ പന്നി തൊട്ടടുത്തുള്ള വയലില്‍ പണിയെടുത്തിരുന്ന ജോര്‍ജ്ജിനെയും ആക്രമിക്കുകയായിരുന്നു.
പട്ടാപ്പകലും ഇത്തരത്തില്‍ കാട്ടുപന്നികള്‍ വീടുകളില്‍ കയറിത്തുടങ്ങിയതോടെ ഇതിന് പ്രതിരോധ സംവിധാനം എത്രയും പെട്ടെന്ന് തന്നെ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാടുമായി വേര്‍തിരിക്കുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ വേലി പോലെയുള്ള സംവിധാനങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post