വേഗതയും സുതാര്യതയും ഉറപ്പ്: പൊതുമരാമത്ത് വകുപ്പ് പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി വേഗത്തില്‍.
വകുപ്പ് പൂര്‍ണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പിഡബ്ല്യുഡി മിഷന്‍ ടീം യോഗത്തിലാണ് തീരുമാനം.

വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് സംവിധാനമെന്ന് മന്ത്രി പറഞ്ഞു. സംവിധാനത്തിലൂടെ ഫയല്‍ നീക്കത്തില്‍ സുതാര്യത ഉറപ്പുവരുത്തുവാന്‍ കഴിയും. വകുപ്പിനെ പേപ്പര്‍രഹിതമാക്കുവാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി അറിയിച്ചു.

സെക്ഷന്‍ ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ ഇ-ഓഫീസിന് കീഴിലാകും. ചീഫ് എഞ്ചിനീയര്‍ ഓഫീസ് മുതല്‍ സെക്ഷന്‍ ഓഫീസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവില്‍ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാകും. ഫയലുകള്‍ തപാലില്‍ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും.

മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. ഇ- ഫയല്‍ സിസ്റ്റത്തില്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കാം. ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെ എങ്കിലും തടസം നേരിട്ടാല്‍ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Exit mobile version