തിരുവനന്തപുരം: ശിലാഫലകത്തില്‍ പേരില്ലാത്തതില്‍ ക്ഷുഭിതനായി ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകര്‍ത്ത് ജില്ലാ പഞ്ചായത്തംഗം. വെള്ളനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകര്‍ത്തത്.
കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് കെഎസ് രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തില്‍ പേരില്ലാത്തതിലും ക്ഷുഭിതനായാണ് വെള്ളനാട് ശശി ശിലാഫലകം തകര്‍ത്തത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ Shyama Prasad Mukherji Rurban Mission വഴി ലഭിച്ച 50 ലക്ഷം രൂപ കൊണ്ടാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. കോണ്‍ഗ്രസ് അംഗമായ വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിര്‍മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ നിര്‍മാണം മുക്കാല്‍ ഭാഗം പൂര്‍ത്തിയാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂര്‍ പ്രകാശ് എംപി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയായിരുന്നു.
എന്നാല്‍ ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം കൂടിയായ പഴയ പ്രസിഡന്റിനെ ക്ഷണിക്കുകയോ ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. ലളിതമായ ചടങ്ങായതിനാലാണ് ക്ഷണിക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ സബ് സെന്ററിലെത്തിയ വെള്ളനാട് ശശി ശിലാഫലകം അടിച്ചുതകര്‍ക്കുകയായിരുന്നു. ശശിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ ആര്യനാട് പോലീസില്‍ പരാതി നല്കി.
Discussion about this post