കോഴിക്കോട്: ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ സർവീസ് ക്ലിക്കായതോട ഇപ്പോഴിതാ സഞ്ചാരികൾക്കായി കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആനവണ്ടിയുടെ യാത്ര. കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ചുകളിലൊന്നായ എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി ബീച്ചും കേരള സർക്കാരിന്റെ സാഗരറാണി കപ്പലിലെ യാത്രയുമാണ് കെഎസ്ആർടിസി ഇനി പ്ലാൻ ചെയ്യുന്നത്. ചാലക്കുടി ഡിപ്പോ തന്നെയാണ് ഈ യാത്രയും ഒരുക്കുന്നത്.
ചാലക്കുടിയിൽ നിന്ന് രാവിലെ എട്ടുമണിക്ക് യാത്ര ആരംഭിച്ച് കുഴുപ്പിള്ളി ബീച്ചിലെത്തി, ഒരു മണിക്കൂർ സമയം ബീച്ചിലെ കാഴ്ചകൾ ആസ്വദിച്ച് വല്ലാർപാടം ഭാഗത്തേക്ക് പോകും. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് എറണാകുളം മറൈൻ ഡ്രൈവിലേക്ക് യാത്ര പുറപ്പെടും. മറൈൻ ഡ്രൈവിലുള്ള കാഴ്ചകളെല്ലാം കണ്ട ശേഷം സാഗരറാണി കപ്പലിൽ യാത്ര പോകാം. രണ്ട് മണിക്കൂർ സമയം കൊച്ചി കായലിന്റെ സൗന്ദര്യം നുകർന്ന് ഒഴുകി നടക്കാം. ഏകദേശം പത്ത് കിലോമീറ്ററോളം കടലിലേക്ക് പോയി ഡോൾഫിൻ പോയിന്റിൽ എത്തി കപ്പൽ തിരിക്കും. ശേഷം യാത്രക്കാർക്ക് കൊച്ചിയിലിറങ്ങി ബസിൽ കയറി തിരികെ രാത്രി ഏഴുമണിയോടെ ചാലക്കുടിയിൽ തന്നെ എത്താം. 650 രൂപയാണ് ആകെ യാത്രയ്ക്ക് ഒരാൾക്ക് വരുന്ന ചെലവ്. ഇതിൽ 250 രൂപ ബസ് ചാർജും 400 രൂപ കപ്പൽ ചാർജുമാണ്.
ഈ മാസം 21-നാണ് യാത്ര ആരംഭിക്കുന്നതെന്ന് ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ ഇൻസ്പെക്ടർ ഡൊമിനിക് പെരേര പറയുന്നു. രണ്ട് ബസുകളാണ് കുഴുപ്പള്ളി സർവീസിനായി മാറ്റി വച്ചിരിക്കുന്നത്. 100 പേർക്കാണ് സാഗരറാണിയിൽ ഒരേസമയം കയറാവുന്നത് എന്നതിനാലാണിത്.
അതേസമയം, മറ്റ് ഡിപ്പോകളിൽ നിന്നും തകൃതിയായി ഉല്ലാസയാത്രാ സർവീസുകൾ തുടങ്ങിയിട്ടുള്ളതിനാൽ ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള സർവീസുകൾ കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.