തിരുവനന്തപുരം: തിരുവനന്തപുരത്ത് പിങ്ക് പോലീസ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8 വയസ്സുള്ള കുട്ടിയെയും അച്ഛനെയും പൊതുനിരത്തിൽ അപമാനിച്ച സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിനു തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്നാണു കുട്ടിക്ക് വേണ്ടി നൽകിയ ഹർജിയിലെ ആവശ്യം.
പോലീസ് ഉദ്യോഗസ്ഥയായ രജിത പൊതുജനം നോക്കിനിൽക്കെ തന്നെ ‘കള്ളി’ എന്നു വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻഡ്ബാഗിൽ തന്നെ ഉണ്ടെന്ന് വൈകാതെ കണ്ടെത്തിയിരുന്നുവെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നു.
കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥയെ അവർക്ക് താൽപര്യമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. തനിക്ക് ഉണ്ടായ മാനസികാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നാണ് പെൺകുട്ടി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.