കോവളം: ലോകസുന്ദരി ഐശ്വര്യറായിക്ക് തിരുവനന്തപുരത്ത് കാലകേളി സാരി ഒരുങ്ങുന്നു. ബാലരാമപുരം പയറ്റുവിളയിലുള്ള പുഷ്പാ ഹാന്‍ഡ് ലൂമിലാണ് രണ്ടാംതവണയും ഐശ്വര്യയ്ക്കായി സാരി ഒരുങ്ങുന്നത്. നേരത്തെ, 10 വര്‍ഷങ്ങള്‍ക്ക് മുമ്പും ഐശ്വര്യ ഇവിടെ നിന്ന് കലാകേളി ഇനത്തില്‍പ്പെട്ട സാരി വാങ്ങിയിരുന്നു.
പയറ്റുവിള പുലിയൂര്‍ക്കോണം സ്വദേശി ശിവനാണ് (45) കലാകേളി സാരി തയ്യാറാക്കുന്നത്. അഞ്ചരമീറ്റര്‍ നീളവും 48 ഇഞ്ച് വീതിയുള്ള സാരിയാണ് താരത്തിനായി ഒരുങ്ങുന്നത്. കരയുടെ ഉള്ളിലായി 8 ഇഞ്ച് ഉയരത്തിലും 6 ഇഞ്ച് വീതിയിലും കഥകളിയുടെ 4 രൂപങ്ങളാണ് സാരിയില്‍ നെയ്യുന്നത്. ഒക്ടോബര്‍ 14 മുതലാണ് സാരിയുടെ ജോലികള്‍ ആരംഭിച്ചത്.
ഒരു മീറ്ററോളം നെയ്തു കഴിഞ്ഞു. 42 ദിവസമാണ് ഒരു സാരി നെയ്യാന്‍ ആകെ വേണ്ടത്. ഒറിജിനല്‍ കസവ്, കോട്ടണ്‍ കളര്‍ എന്നിവയാണ് സാരി നെയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഓരോ ഇഴയും കൈകള്‍ കൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് നെയ്‌തെടുക്കുന്നതെന്ന പ്രത്യേകതയും കലാകേളിക്കുണ്ട്.
സാരിയുടെ പ്രത്യേകള്‍ ഇങ്ങനെ;
കലാകേളി സാരിയില്‍ കഥകളിയുടെ രൂപങ്ങള്‍ ഇരുവശത്തും ഒരുപോലെ കാണാന്‍ സാധിക്കും. അരിമാവ് പശയുമായി ചേര്‍ത്ത് പരുവപ്പെടുത്തിയ പ്രത്യേക കോട്ടണ്‍ നൂലാണ് നെയ്തിനായി ഉപയോഗിക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കും. യാതൊരുവിധ രാസവസ്തുക്കളും നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല.