കാസർകോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. എം രമ വിദ്യാർത്ഥിയെ കൊണ്ട് കാൽപിടിപ്പിച്ചതായി ആരോപണം. എംഎസ്എഫ് ആണ് ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
വിദ്യാർത്ഥി പ്രിൻസിപ്പാളിന്റെ കാൽ പിടിക്കുന്ന ചിത്രം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെനവാസ് പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. പ്രിൻസിപ്പാളിനെതിരെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി മുഖ്യമന്ത്രി, ഡിജിപി, യുവജന കമ്മീഷൻ എന്നിവർക്ക് ഒക്ടോബർ 26-ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പികെ നവാസ് പറഞ്ഞു.
ഒക്ടോബർ 18-ന് പ്രിൻസിപ്പാളിന്റെ മുറിയിലാണ് സംഭവം. പരാതിയെത്തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം പ്രിൻസിപ്പാളിനെ കാണാനെത്തിയ വിദ്യാർത്ഥിയോട് ”ഇനി ഇവിടെ പഠിക്കേണ്ടെന്നും പുറത്താക്കുമെന്നും പ്രശ്നങ്ങളുടെ കാരണക്കാരൻ നീയാണെന്നും” ഡോ. എം രമ ആക്രോശിച്ചെന്നും പ്രശ്നം പരിഹരിക്കാൻ കാലുപിടിക്കണമെന്നു ആവശ്യപ്പെട്ടതായും എംഎസ്എഫ് ആരോപിക്കുന്നു.
വിദ്യാർത്ഥി ഇതേത്തുടർന്ന് മൂന്നുതവണ കാല് പിടിച്ചുവെന്നുമാണ് പരാതി. ആണും പെണ്ണും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് സദാചാരവിരുദ്ധമെന്ന് മുദ്രകുത്തുന്നതായും പ്രിൻസിപ്പാളിനെതിരെ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പ്രിൻസിപ്പാളിനെതിരെ അന്വേഷണം വേണമെന്നും നിരീക്ഷണ ക്യാമറ പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, കോളേജ് യൂണിറ്റ് പ്രസിഡന്റ് ജാബിർ ഷിബിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് കോളേജിൽ നടത്തിയ സംഗമം പികെ നവാസ് ഉദ്ഘാടനം ചെയ്തു
അതേസമയം, എംഎസ്എഫിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഡോ. എം രമ പ്രതികരിച്ചു. വിദ്യാർത്ഥി സ്വമേധയാ കാലിൽ വന്ന് വീഴുകയായിരുന്നു. ക്ലാസില്ലാത്ത ദിവസങ്ങളിലും വിദ്യാർഥി കോളേജിലെത്തുകയും മാസ്കിടാതെ കൂട്ടംകൂടുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തപ്പോൾ തന്നെ അടിക്കാൻ ശ്രമിച്ചെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.
മാസ്കിടാത്തതിന് വിദ്യാർത്ഥിയിൽനിന്ന് പോലീസ് പിഴയീടാക്കിയിരുന്നു. അടിക്കാൻ ശ്രമിച്ചതിന് കേസ് കൊടുക്കരുതെന്നും മാപ്പുപറയാൻ വിദ്യാർത്ഥി തയ്യാറാണെന്നും വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളും എംഎസ്എഫ് പ്രവർത്തകരും അറിയിച്ചിരുന്നു. ഇതുകഴിഞ്ഞാണ് വിദ്യാർത്ഥി സ്വമേധയാ കാലിൽ വീണതെന്നും ഡോ. എം രമ പ്രതികരിച്ചു. കോളേജിലെ അച്ചടക്കവുമായി ബന്ധപ്പെട്ടാണ് നടപടികളെടുത്തതെന്നും ഇവർ പറഞ്ഞു.
Discussion about this post