ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നു; കോയമ്പത്തൂരിലേക്ക് കടന്നെന്ന് സംശയം

പാലക്കാട്: നടുറോഡിൽ വെച്ച് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളിലൊരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുന്നു. ദൃക്‌സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അർഷിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ബുധനാഴ്ച ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് രേഖാചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്.

കേസിൽ മറ്റുസാക്ഷികളുണ്ടോയെന്ന് പരിശോധിച്ചശേഷം അവരെ കൂടി ഉൾപ്പെടുത്തി രേഖാചിത്രം തയ്യാറാക്കി പുറത്തുവിടാനാണ് തീരുമാനം. സംഭവംനടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച് സൂചനലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.

അതേസമയം, പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇവർ കടന്നുകളഞ്ഞതായി മനസിലാക്കുന്നത്. ദേശീയപാതയിലെയും പെരുവെമ്പ്, മമ്പറം ഭാഗങ്ങളിലെയുമടക്കം നൂറോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽവിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു ടി എബ്രഹാം പറഞ്ഞു.

Exit mobile version