തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തിലെ ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകത്തിൽ പേരില്ലാത്തതിനെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം അടിച്ചു തകർത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകർത്തെറിഞ്ഞത്.
കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് കെഎസ് രാജലക്ഷ്മി സബ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തിൽ പേരില്ലാത്തതിലും ക്ഷുഭിതനായ വെള്ളനാട് ശശി ശിലാഫലകം ചുറ്റിക ഉപയോഗിച്ച് തകർക്കുകയായിരുന്നു.
വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിർമ്മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോൾ നിർമ്മാണം മുക്കാൽ ഭാഗം പൂർത്തിയാക്കിയിരുന്നു. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെയാണ് അടൂർ പ്രകാശ് എംപി സബ് സെന്റർ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിച്ചത്. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിർമ്മാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയുമായിരുന്നു.
ലളിതമായ ചടങ്ങായതിനാലാണ് മുൻപ്രസിഡന്റിനെ ക്ഷണിക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇന്നലെ ഉച്ചയോടെ സബ് സെന്ററിലെത്തിയ വെള്ളനാട് ശശി ശിലാഫലകം അടിച്ചുതകർക്കുകയായിരുന്നു. ശശിക്കെതിരെ പഞ്ചായത്ത് അധികൃതർ ആര്യനാട് പോലീസിൽ പരാതി നൽകി.
Discussion about this post