പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളിലൊരാളുടെ രേഖാചിത്രം തയ്യാറായി. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും അന്വേഷണ സംഘം ഉടന്‍ പുറത്തുവിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ സംരക്ഷണം ഒരുക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്കിടയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പാലക്കാട് എസ്പി ഓഫിസിലാണ് വടക്കന്‍ മേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. തൃശൂര്‍ റേയ്ഞ്ച് ഡിഐജി എ അക്ബറും യോഗത്തില്‍ പങ്കെടുത്തു. സംഭവം നടന്ന് രണ്ടുദിവസം പിന്നിടുമ്പോള്‍ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നത്.
കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എട്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. വെള്ള മാരുതി 800 കാറിലാണ് കൊലപാതക സംഘമെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാറിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
തമിഴ്‌നാട്ടിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം കൊലപാതകത്തില്‍ ഉള്‍പ്പെട്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതേസമയം, പെരുവെമ്പ് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും കൊലയാളികളെത്തിയ കാറ് കണ്ടെത്താന്‍ ഇതുവരെ പോലീസിനായില്ല.
തിങ്കളാഴ്ച രാവിലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.