മലപ്പുറം: വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള സർക്കാർ നീക്കത്തെ മുസ്ലിം ലീഗ് ശക്തമായി എതിർക്കുന്നത് ബോർഡിലെ തുടർഭരണം നഷ്ടമാകുമെന്ന ഭയത്താലാണെന്ന് വിമർശിച്ച് ഇമാം നൗഷാദ് പുന്നത്തല. വഖഫ് ബോർഡ്, ലീഗിന് എന്തിന് ഹാലിളകുന്നു എന്ന ഫേസ്ബുക്ക് കുറിപ്പിലാണ് മുസ്ലിം ലീഗ് കാലങ്ങളായി വഖഫ് ബോർഡ് കുത്തകയാക്കി വെച്ചിരിക്കുന്നതും പക്ഷാപാതപരമായി പെരുമാറുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത്.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടാൽ ബോർഡിന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷവും നീതിപൂർവ്വവുമായി മുന്നോട്ട് കൊണ്ടുപോവുന്നതിന് സഹായിക്കുമെന്നും നൗഷാദ് പുന്നത്തല വിശദീകരിക്കുന്നു.
നൗഷാദ് പുന്നത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വഖ്ഫ് ബോർഡ്; ലീഗ് എന്തിന് ഹാലിളകുന്നു? —————————
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന തരത്തിലെ പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണ്. വഖഫ് ബോർഡിലെ ഭരണ നിർവഹണ സംവിധാനം മെച്ചപ്പെടുത്താൻ കഴിവുറ്റവർ വരണമെന്ന താൽപര്യം മാത്രമാണ് പ്രസ്തുത തീരുമാനമെടുക്കുന്നതിന് പ്രചോദനമായത്. അത്തരമൊരാശയം മുന്നോട്ടുവെച്ചത് മന്ത്രി എന്ന നിലയിൽ കെ.ടി. ജലീലാണ്. ഒരു പാർട്ടിയോടും വ്യക്തിയോടും വിധേയത്വമില്ലാത്ത കഴിവുള്ളവർ വഖഫ് ബോർഡിൽ ജീവനക്കാരായി വരുന്നത് ബോർഡിന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷവും നീതിപൂർവ്വവുമായി മുന്നോട്ട് കൊണ്ടു പോവാൻ അനിവാര്യമാണ് എന്ന നിലയിലാണ് പി.എസ്.സി നിയമനം ശുപാർശ ചെയ്യാൻ മുൻ വഖഫ് മന്ത്രി തീരുമാനിച്ചത്.
മുസ്ലിംലീഗിനോട് ആഭിമുഖ്യമില്ലാത്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വർഷങ്ങളോളമായി മുടന്തൻ കാരണങ്ങൾ പറഞ്ഞ് റജിസ്ട്രേഷൻ മുടക്കുന്നത് വഖഫ് ബോർഡിൽ പതിവാണ്. ഇടതു ഭരണ കാലത്ത് അധികാരത്തിൽ വരുന്ന ബോർഡ് റജിസ്ട്രേഷൻ നൽകാൻ തീരുമാനമെടുത്താൽ പോലും ജീവനക്കാരെ ഉപയോഗിച്ച് ലീഗ് അത് അട്ടിമറിക്കും. വഖഫ് ബോർഡിൽ നിലവിലെ നിയമമനുസരിച്ച് രണ്ട് അംഗങ്ങളെ ബോർഡിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ (മുതവല്ലികൾ) വോട്ട് ചെയ്താണ് തെരഞ്ഞെടുക്കാറ്. കാലാകാലങ്ങളായി ലീഗാണ് ഈ സീറ്റുകളിൽ വിജയിക്കുക. എതിർ സ്ഥാനാർത്ഥികൾ പലപ്പോഴും ഉണ്ടാകാത്തതിനാൽ തെരഞ്ഞെടുപ്പ് പോലും അപൂർവ്വമായേ നടക്കാറുള്ളൂ. എതിരില്ലാതെ ലീഗ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നതാണ് പതിവു രീതി എന്നർത്ഥം. കഴിഞ്ഞ 25 വർഷമായി ലീഗ് നേതാക്കളായ എം.സി. മായിൻ ഹാജിയും അഡ്വ: സൈനുദ്ദീനുമാണ് മുതവല്ലി ക്വോട്ടയിൽ തെരഞ്ഞെടുക്കപ്പെട്ട് വരുന്നത്. ഒരു മുസ്ലിം പണ്ഡിതനെ ഈ ക്വോട്ടയിൽ വഖഫ് ബോർഡിലെത്തിക്കാൻ ലീഗ് ഇക്കാലമത്രയും ശ്രമിച്ചിട്ടില്ല.
എന്നാൽ പതിവിന് വിരുദ്ധമായി കഴിഞ്ഞ വഖഫ് ബോർഡ് തെരഞ്ഞെടുപ്പിൽ ചിലത് സംഭവിച്ചു.ശൈഖുനാ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ പ്രതിനിധിയായി പ്രൊ: കെ.എം.എ റഹീം സാഹിബ് മുതവല്ലി ക്വോട്ടയിൽ മൽസരിച്ചു. ആയിരത്തിലധികം വോട്ട് പിടിച്ചു. പല പ്രദേശങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകൾ ലീഗ് ജീവനക്കാരുടെ സഹായത്തോടെ തപാലിൽ അയച്ചു കൊടുക്കാതെ മായിൻ ഹാജിയും സൈനുദ്ദീനും നേരിട്ടിടപെട്ട് ലീഗ് നേതാക്കളുടെ കയ്യിൽ കൊടുത്തേൽപ്പിച്ച് അവരുടെ സാന്നിദ്ധ്യത്തിൽ വോട്ട് ചെയ്യിപ്പിച്ചിട്ടും റഹീം സാഹിബ് നേടിയ വോട്ടുകളുടെ എണ്ണം ലീഗിനെ വല്ലാതെ അസ്വസ്ഥമാക്കി. അവിഹിത ഇടപെടൽ നടത്തി ലീഗ് തോൽപ്പിച്ച പ്രൊഫസർ റഹീമിനെ സർക്കാർ നാമനിർദ്ദേശം ചെയ്ത് വഖഫ് ബോർഡ് മെമ്പറാക്കിയത് അവരെ കൂടുതൽ പ്രകോപിപ്പിച്ചു. വഖഫ് ബോർഡിൽ നടക്കാൻ പോകുന്ന തുടർഭരണമെന്ന ‘ആശങ്ക’ ലീഗിനെ കുറച്ചൊന്നുമല്ല അലട്ടുന്നതെന്ന് ചുരുക്കം.
വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കാണ് ബോഡ് തെരഞ്ഞെടുപ്പിൽ രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം. വഖഫ് ബോർഡിൽ ഏതെങ്കിലും സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്താൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം ബോർഡിന് നിർബന്ധമായും നൽകണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാൻ സന്നദ്ധമാകുന്നവരാണ് സാധാരണ ഗതിയിൽ റജിസ്ട്രേഷന് അപേക്ഷിക്കുക. എ.പി വിഭാഗം സുന്നികളുടെ അത്തരം അപേക്ഷകൾ നിരസിക്കുന്നത് അവരുടെ മുതവല്ലി ക്വോട്ടയിലെ വോട്ട് വിഹിതം കുറക്കാനും ലീഗിന്റെ ജയം ഉറപ്പു വരുത്താനുമാണ്.
വരുമാന വിഹിതം നൽകേണ്ടിവരും എന്നതിനാൽ ജമാഅത്തെ ഇസ്ലാമി ഉൾപ്പടെയുള്ള പുരോഗമന മുസ്ലിം സംഘടനകളുടെ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വഖഫ് ബോർഡിൽ റജിസ്ട്രേഷൻ നടത്താതെ മാറി നിൽക്കുന്നതാണ് കണ്ട് വരുന്നത്. വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മഹാ ഭൂരിപക്ഷവും സുന്നി സ്ഥാപനങ്ങളാണ്. ഈ വാദം തെറ്റാണെങ്കിൽ സുന്നികളല്ലാത്തവർ തങ്ങളുടെ എത്ര സ്ഥാപനങ്ങളാണ് വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പേരുസഹിതം വെളിപ്പെടുത്തിയാൽ നന്നാകും. മുതവല്ലി ക്വോട്ടയിൽ എ.പി സുന്നി വിഭാഗം കടന്ന് വരുന്നത് തടയാനാണ് അവരുടെ അപേക്ഷകൾ അന്യായമായി റജിസ്ട്രേഷൻ നൽകാതെ വർഷങ്ങളായി തടഞ്ഞ് വെച്ച് പോരുന്നത്. ഇക്കാര്യത്തിൽ പ്രധാന പങ്ക് ലീഗനുകൂല ജീവനക്കാരാണ് നിർവഹിക്കുന്നത്.
മായിൻ ഹാജിയും സൈനുദ്ദീനും അതിനവർക്ക് ശക്തമായ പിന്തുണയും നൽകുന്നു. എ.പി വിഭാഗം എതിർ കക്ഷികളായ തർക്കങ്ങളിലെല്ലാം ഒരു പക്ഷം ചേർന്ന് അന്യായമായി തീരുമാനമെടുക്കുന്നതും വഖഫ് ബോർഡിലെ ലീഗനുകൂല ഉദ്യോഗസ്ഥരാണ്. ബോർഡിന്റെ ചെയർമാൻ ആരായാലും ഏത് കാര്യത്തിലും പരിശോധന നടത്തി തീരുമാനമെടുത്ത് ബോർഡിന് സമർപ്പിക്കുന്നത് സ്ഥാപനത്തിലെ ജീവനക്കാരാണ്. അവരുടെ അഭിപ്രായം മറികടന്നാൽ അവിടെ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന റിപ്പോർട്ടിലെ ‘ഭയപ്പെടുത്തൽ’ ഇടതനുകൂല ബോർഡിനാണെങ്കിൽ പോലും ഗൗനിക്കാതിരിക്കാൻ കഴിയില്ല.
അയ്യഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറി മാറി വരും എന്നത് മുൻകൂട്ടി കണ്ട് യു.ഡി.എഫ് ഭരണകാലത്തെ സൗകര്യം ഉപയോഗിച്ച് നീണ്ട കാലത്തേക്കുള്ള ജീവനക്കാരുടെ റാങ്ക് ലിസ്റ്റ് ലീഗനുകൂല വഖഫ് ബോർഡ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. അതിനാൽ തന്നെ ഇടതനുകൂല ബോർഡ് വന്നാൽപോലും മുമ്പത്തെ ബോർഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നേ നിയമനം നടത്താനാകൂ. ലീഗ് നേതാക്കളായ മായിൻ ഹാജിയുടെയും സൈനുദ്ദീന്റെയും അതിബുദ്ധിയാണ് ജീവനക്കാരുടെ നിയമനങ്ങളിൽ വിജയിക്കാറ്. ജലീൽ പഴയ ലീഗുകാരൻ ആയത് കൊണ്ട് അവരുടെ ‘കയ്യിലിരിപ്പ്’?? അദ്ദേഹത്തിന് പെട്ടന്ന് പിടികിട്ടി. ഇത് തടയാൻ വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ടാൽ സാധിക്കുമെന്ന് പഴയ ലീഗ് ബുദ്ധിയിൽ മുൻ മന്ത്രി ജലീലും മനസ്സിലാക്കി. അതോടൊപ്പം കെട്ടിക്കിടക്കുന്ന റജിസ്ട്രേഷൻ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനും ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ ടി.കെ ഹംസ ചെയർമാനായ ബോർഡ് തീരുമാനിച്ചു. പുതിയ വഖഫ് മന്ത്രി അബ്ദുറഹിമാൻ റജിസ്ട്രേഷൻ അദാലത്ത് വെച്ച് അതിന് ഗതിവേഗം കൂട്ടി. തങ്ങളുടേതെന്ന് മാത്രം ലീഗ് കരുതിയിരുന്ന മേച്ചിൽ പുറത്തേക്ക് ശക്തനായ ഒരെതിരാളി കടന്ന് വരുന്നു എന്ന തിരിച്ചറിവാണ് അവരുടെ ഇപ്പോഴത്തെ ഹാലിളക്കത്തിന്റെ കാരണം.
കോടിക്കണക്കിന് രൂപ വിലവരുന്ന സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ അന്യാധീനപ്പെട്ട് കിടക്കുന്ന വഖഫ് സ്വത്തുക്കൾ കണ്ടെത്തി വഖഫ് ബോർഡിലേക്ക് മുതൽകൂട്ടാൻ ഇദംപ്രഥമമായി ഒരു സർവേ കമ്മീഷണറെ ചുമതലപ്പെടുത്തി ഉത്തരവായതും ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് കെ.ടി ജലീൽ മുൻകയ്യെടുത്താണ്. കോവിഡും പ്രളയവും ഉണ്ടായിട്ടും 75% വഖഫ് സർവ്വേയും ഇതിനകം പൂർത്തിയാക്കാനായി. ശേഷിച്ചത് കൂടി മുഴുമിപ്പിച്ച് സർവ്വേ സമ്പൂർണ്ണമാക്കാൻ മന്ത്രി വി.
അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടന്ന് വരുന്നു. ഇതും ഇഷ്ടപ്പെടാത്തവരാണ് ലീഗ്. പതിറ്റാണ്ടുകളായി തുച്ഛം തുകക്ക് വഖഫ് സ്വത്തുക്കൾ ഉപയോഗിച്ച് വരുന്ന സമുദായ പ്രമാണിമാർ വഖഫ് സർവ്വേയേയും അട്ടിമറിക്കാനാണ് ഇപ്പോൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ മേൽ ഇടതു സർക്കാർ കയ്യേറ്റമെന്ന കള്ളക്കഥകൾ ചമച്ചാണ് അവരതിന് ആളെക്കൂട്ടി തെരുവിലിറക്കുന്നത്. ഇത് മനസ്സിലാക്കാൻ സമുദായത്തിലെ വിവേകികൾക്ക് കഴിയണം. ചില ‘നവോത്ഥാന’ നേതാക്കൾ കാര്യമറിഞ്ഞിട്ടും ഉറക്കം നടിച്ച് ലീഗിന് വെള്ള പൂശി അഭിപ്രായം പറയുന്നത് ഖേദകരമാണ്. അവരവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ എല്ലാ സ്ഥാപനങ്ങളും സ്വത്തു വഹകളും വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യിപ്പിച്ച് അത്തരക്കാർ അഭിപ്രായം പറഞ്ഞാൽ കേൾക്കാനെങ്കിലും രസമുണ്ടാകും.
Discussion about this post