പാലക്കാട്: സ്വകാര്യ എസ്റ്റേറ്റിലെ വൈദ്യുത കേബിളില്‍ നിന്നും ഷോക്കേറ്റ് രണ്ടര വയസുള്ള കുട്ടിക്കൊമ്പന് ചെരിഞ്ഞു. മലമ്പുഴ ആനക്കല്‍ എലാക്ക് എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. അമ്മയാനയ്ക്കും മറ്റു 4 ആനകള്‍ക്കും ഒപ്പമെത്തിയ കുട്ടിയാന, തറയിലൂടെ പോകുന്ന കേബിളില്‍ കടിക്കുകയായിരുന്നു. രാവിലെ 7.30നു തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്നാണ് ആനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍, കാഴ്ചക്കാരുടെ കണ്ണുനനയിക്കുന്നത് മറ്റൊന്നാണ്. കുട്ടിയാനയെ രക്ഷിക്കാന്‍ അമ്മയാന നടത്തിയ ശ്രമങ്ങളാണ് നോവ് കാഴ്ചയാവുന്നത്. കുട്ടിയാന ഷോക്കേറ്റു വീണതോടെ അമ്മയാന അടുത്തേക്കു വന്നു. കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയ നിലയിലായിരുന്നു കുട്ടിയാനയുടെ ജഡം കിടന്നിരുന്നത്. ശേഷം, അമ്മയാന കൊമ്പുകൊണ്ടു തട്ടിയും തുമ്പിക്കൈ കൊണ്ടു തലോടിയും കുട്ടിക്കൊമ്പനെ എഴുന്നേല്പിക്കാന് ശ്രമിച്ചു.
കുട്ടിയാന കടിച്ച കേബിള്‍ വയര്‍ അപ്പോള്‍ തന്നെ മുറിഞ്ഞിരുന്നു. അതിനാല്‍ സമീപത്ത് നിന്നിരുന്ന ആനകള്‍ക്ക് ഷോക്കേറ്റിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ സമീപത്തെ തോട്ടില്‍ നിന്നു തുമ്പിക്കൈയില്‍ വെള്ളവുമായി എത്തിയ അമ്മയാന, കുട്ടിയാനയുടെ വായയിലും മുഖത്തുമായി വെള്ളം തളിച്ചു. രണ്ടു മൂന്നു തവണ ഇതു തുടര്‍ന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു സമീപവാസികള്‍ എത്തി. തൊഴിലാളികളെ കണ്ടതോടെ മറ്റ് ആനകള്‍ ചുറ്റും തമ്പടിച്ചുവെങ്കിലും ആളുകളുടെ കൂട്ടം കണ്ടതോടെ ആനകള്‍ കാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു.
Discussion about this post