കേച്ചേരി: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞിന് അത്ഭുതരക്ഷ. നാലുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ കേച്ചേരി സെന്ററില്‍ മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം.
ചൂണ്ടല്‍ പുതുശ്ശേരി സ്വദേശികളായ പേരാമംഗലത്ത് വീട്ടില്‍ ഫ്രാന്‍സി (54), ഭാര്യ മിനി (49), തെക്കേക്കര വീട്ടില്‍ മേഗി (63), കാജല്‍ (25) എന്നിവരെ കുന്നംകുളം ആക്ട്സ് പ്രവര്‍ത്തകര്‍ കുന്നംകുളം യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാജലിന്റെ 45 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 3.15നായിരുന്നു അപകടം.
തൃശൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലെ ഗേറ്റ് തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. കാറിനുള്ളില്‍ നിന്ന് പരിക്കേല്‍ക്കാതെ കുഞ്ഞിനെ നാട്ടുകാര്‍ പുറത്തെടുത്തു. അപകടത്തില്‍ കാറ് പൂര്‍ണമായി തകര്‍ന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post