കോഴിക്കോട്: മയിലിനെ കറിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് യൂടൂബര്‍ ഫിറോസ് ചുട്ടിപ്പാറ. മയിലിനെ കൊല്ലുന്നതിനോ പാചകം ചെയ്യുന്നതിനോ പദ്ധതിയിട്ടിരുന്നില്ലെന്നും എല്ലാം തയ്യാറാക്കിയ തിരക്കഥയായിരുന്നെന്നും ഫിറോസ് പറയുന്നു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നേരത്തെ തീരുമാനിച്ച തിരക്കഥ പ്രകാരമാണ് എല്ലാം ഷൂട്ട് ചെയ്തത്. മയിലിനെ കൊല്ലണമെന്ന് നാട്ടില്‍ നിന്ന് പോകുമ്പോഴും തീരുമാനിച്ചിട്ടില്ല. രണ്ട് മാസം മുന്‍പ് വിസ കിട്ടിയിരുന്നു, വിസയുടെ അവസാന ദിവസമായിരുന്നു ദുബായിലെത്തിയത്,
ദുബായ് എക്സ്പോയ്ക്കായിട്ടായിരുന്നു പോയത്. വെറുതെ പോയി വരിക എന്നതിലുപരി ആളുകളെ എന്റര്‍ടെയിന്‍മെന്റ് ചെയ്യിക്കുക എന്നായിരുന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെറി പറഞ്ഞവരെയും ഭീഷണി മുഴക്കിയവരെയും പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്ന് തീരുമാനിച്ചത്. ഇത് ഒരു ഭയത്തിന്റെ അല്ല, ഒരു സിനിമ നമ്മള്‍ എങ്ങനെയാണോ ചിത്രീകരിക്കുന്നത്, അതുപോലെ നമ്മള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഇതുപോലെ പ്രതിഷേധം വന്നതുകൊണ്ടല്ല. ‘നമ്മുടെ കഥയില്‍ ഉള്ള ഒരു സംഭവത്തെ നമ്മള്‍ പരിപൂര്‍ണ്ണമായി ഷൂട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചു. നമ്മള്‍ വിചാരിച്ചതിലും കൂടുതലായി അത് സക്‌സസ് ആയി.’ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനില്‍ പുറത്തുവിട്ട വീഡിയോക്ക് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത്. നാട്ടില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയുടെ വിവരണമാണ് വീഡിയോയുടെ ഇതിവൃത്തം.
ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന് പറഞ്ഞ് സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
ദുബായില്‍ നിന്ന് മയില്‍ കറി എന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ഫിറോസ് ക്ലൈമാക്‌സില്‍ കോഴിക്കറി വയ്ക്കുകയായിരുന്നു. ‘മയിലിനെ ആരെങ്കിലും കറി വെയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു’ എന്നായിരുന്നു മൂന്നാമത്തെ വീഡിയോയില്‍ ഫിറോസ് പറഞ്ഞത്.