ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ച തീവ്രവാദികൾ; കേസ് എൻഐഎയ്ക്ക് വിടണമെന്ന് കെ സുരേന്ദ്രനും ബിജെപി നേതാക്കളും

തിരുവനന്തപുരം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം എൻഐഎയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കേസ് അന്വേഷണം എൻഐഎക്ക് വിടാൻ കേരള സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഇവരുടെ അഭ്യർഥന.

പരിശീലനം ലഭിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞതായി ഗവർണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അത്തരത്തിലുള്ള നിഗമനങ്ങളാണ് ഉള്ളത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. വലിയ ഗൂഢാലോചന നടന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള ശ്രമം എസ്ഡിപിഐ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സർക്കാരിന്റേയും പോലീസിന്റേയും ഭാഗത്ത് നിന്ന് ഇത് തടയാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. ഇതുവരെ പ്രതികളെ പിടികൂടാനായില്ല. പോലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

രണ്ടാഴ്ചക്കുള്ളിൽ എസ്ഡിപിഐ സമാനമായ രണ്ട് കൊലപാതകങ്ങളാണ് നടത്തിയിരിക്കുന്നത്. കൊലപാതകക്കേസ് എൻഐഎക്ക് കൈമാറാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഗവർണറോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയോടും ഞങ്ങൾ ഇതേ ആവശ്യം ഉന്നയിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Exit mobile version