തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലിലാണ് ചക്രവാതചുഴി നിലനില്‍ക്കുന്നത്. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുലാവര്‍ഷ സീസണില്‍ (47 ദിവസത്തില്‍) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂനമര്‍ദമാണിത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും (ചൊവ്വായും ബുധനും) വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കേരള – ലക്ഷദ്വീപ് തീരത്ത് നവംബര്‍ 16 നും വടക്കന്‍ കേരള തീരത്ത് നവംബര്‍ 16 വരെയും കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.