തിരുവാരൂര്‍: ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
കാട്ടൂര്‍ അകതിയെന്നൂരിലെ പൊതുപ്രവര്‍ത്തകനായിരുന്നു കുമരേശന്‍. കഴിഞ്ഞ ദിവസം വൈകിട്ടു കാണൂരെന്ന സ്ഥലത്തെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തിയാണ് കുമരേശനെ വെട്ടിക്കൊന്നത്. യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ യുവതിക്കും വെട്ടേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അതേസമയം, കുമരേശന്റെ മരണവിവരം അറിഞ്ഞു നാട്ടുകാര്‍ തിരുവാരൂര്‍കുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണു ആരോപണം. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
Discussion about this post