കോട്ടയ്ക്കല്‍: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസീബിന്റെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് അസീബിനോട് പ്രതികള്‍ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാല്‍ മര്‍ദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറയുന്നു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമാണെന്നും അബ്ദുള്‍ അസീബ് പറയുന്നു.
ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേയ്ക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നാണ് അബ്ദുള്‍ അസീബിനെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയത്.