കോഴിക്കോട്: താമരശ്ശേരിയില്‍ നായയുടെ കടിയേറ്റ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. നായയുടെ ഉടമയായ റോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
കണ്ടാലറിയുന്ന, നാട്ടുകാരായ 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. അതോടൊപ്പം റോഷിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചു എന്ന കേസും ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.
യുവതിയെ നായയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ റോഷിന് തോക്ക് ചൂണ്ടുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് ശേഷം പോലീസ് റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നുമാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്.
നായയുടെ കടിയേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുഖത്തും കൈകാലുകള്‍ക്കും പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.
കഴിഞ്ഞ ദിവസമായിരുന്നു താമരശ്ശേരി അമ്പായത്തോടിലെ ഫൗസിയക്ക് നായയുടെ കടിയേറ്റത്. നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന് റോഷിന്റെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്.
Discussion about this post