വിദ്യാര്‍ഥിയുടെ വിവാഹം: വരന്റെ വീട്ടിലെ റിസപ്ഷനാണ് പോയത്; വിവാഹ വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു.

തന്റെ വിദ്യാര്‍ഥിയുടെ വിവാഹമാണ് നടന്നതെന്നും അതില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

”ഞാന്‍ വരന്റെ വീട്ടില്‍ കല്യാണ റിസപ്ഷനാണ് പോയത്. വരന്റെ അമ്മ ലത ചന്ദ്രന്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ ദീര്‍ഘകാലമായിട്ടുള്ള നേതാവുമാണ്. ഞങ്ങളൊരുമിച്ച് ഇരുപത് കൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്നതാണ്. അവര്‍ ഈ കേസില്‍ പ്രതിയൊന്നുമല്ല.

പിന്നെ ഇത് ഒരു ഇന്റര്‍ റിലീജിയസ് വിവാഹമാണ്. വരന്‍ എന്റെ വിദ്യാര്‍ത്ഥിയാണ്. ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ്. വധുവിന്റെ വീട്ടിലല്ല ഞാന്‍ കല്യാണത്തിന് പോയത്. പിന്നെ കുട്ടികള്‍ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. കുട്ടികള്‍ ഡിവൈഎഫ്ഐയില്‍ ഒക്കെ ഉള്ളവരാണ്.”

ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബര്‍ 24 നായിരുന്നു വിവാഹ ചടങ്ങ്. വരന്റെ വീട്ടുകാര്‍ നടത്തിയ വിവാഹസത്കാര ചടങ്ങിലാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പങ്കെടുത്തത്.

കരുവന്നൂര്‍ കേസില്‍ പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്. ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Exit mobile version