തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ 12 ജില്ലകളിൽ വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്താനാണ് നിർദേശം. എറണാകുളം, ഇടുക്കി, തൃശൂർ,കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിലെ ചക്രവാത ചുഴി എന്നിവയാണ് കനത്ത മഴക്ക് കാരണമാകുന്നത്.
കൊല്ലത്തും പത്തനംതിട്ടയിലും ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. കല്ലടയാർ കരകവിഞ്ഞൊഴുകുകയാണ്. മലയോരപ്രദേശങ്ങളിൽ ഇടവിട്ട് കനത്തമഴ തുടരുന്നു. കൊട്ടാരക്കര വാളകത്ത് എംസി റോഡിൽ മണ്ണിടിച്ചിലുണ്ടായി. കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി പതിമൂന്ന് ദുരിത്വാശ്വാസ ക്യാംപുകൾ തുറന്നു. തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം തുറന്നു വിടുന്നുണ്ട്.
ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം മുങ്ങി. പുനലൂർ മൂവാറ്റുപുഴ, പന്തളം പത്തനംതിട്ട റോഡുകളിൽ ഗതാഗതതടസം നേരിടുകയാണ്. ബദൽറോഡുകൾ സജ്ജമാക്കുമെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചിട്ടുണ്ട്.
ത്രിവേണിയിൽ പമ്പ കരകവിഞ്ഞു, അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പു നൽകി. തീർഥാടകർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
അതിനിടെ, ഒരു ഷട്ടർ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 2,399.14 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. 140.35 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
Discussion about this post