കുറ്റ്യാടി: ഇത്തവണത്തെ മിസ് കേരള മത്സരത്തിന് മാറ്റുരയ്ക്കാൻ കോഴിക്കോട് നിന്നും സ്പെഷ്യൽ സുന്ദരിയുമെത്തുന്നു. 21ന് കൊച്ചിയിൽ നടക്കുന്ന മിസ്കേരള മത്സരത്തിൽ ഭിന്നശേഷിക്കാരി അശ്വിനി കാപ്പുമ്മലും പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ഏക ഭിന്നശേഷിക്കാരി കൂടിയാണ് അശ്വനി.
കുറ്റ്യാടി തണൽ കരുണ സ്പെഷൽ സ്കൂൾ വൊക്കേഷനൽ വിങ് വിദ്യാർത്ഥിനിയാണ് അശ്വനി. കർഷക തൊഴിലാളി വേളം ചെറുകുന്ന് കാപ്പുമ്മൽ കുമാരന്റെയും മാതുവിന്റെയും മകളാണ്. നേരത്തേ നടന്ന മിസ് കേരള ഡിജിറ്റൽ ഓഡിഷനിൽ വിജയിയായ അനുഭവ സമ്പത്തുമായാണ് അശ്വനി റാംപിലേക്ക് ചുവടുവെയ്ക്കാനെത്തുന്നത്.
21ന് കൊച്ചിയിൽ നടക്കുന്ന ഫിസിക്കൽ ഓഡിഷനിലാണ് ഇനി അശ്വനിയുടെ പ്രകടനം. നൃത്തത്തിലും അഭിനയത്തിലും അഭിരുചിയുള്ള അശ്വിനി ആ ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. സിനിമ നടിയാവണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തണൽ-കരുണ ടീം, സ്കൂൾ പ്രിൻസിപ്പൽ സഹാധ്യാപകർ എന്നിവർ പിന്തുണയുമായി രംഗത്തുണ്ട്.
Discussion about this post