തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്.
ചൊവ്വാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം.
അതേസമയം, മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ നാലുദിവസത്തേക്ക് തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം ഒഴിവാക്കി. മറ്റ് കുളിക്കടവുകളിലും ഇറങ്ങാന്‍ അനുവദിക്കില്ല.