കോഴിക്കോട്: കോണ്‍ഗ്രസ് എ ഗ്രൂപ്പ് ചേര്‍ന്ന രഹസ്യ യോഗം റിപ്പോര്‍ച്ച് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് കോണ്‍ഗ്രസ് നേതാവ് മോശമായി പെരുമാറിയതായി പരാതി. കൈരളി ടിവിയിലെ മാധ്യമപ്രവര്‍ത്തക മേഘ മാധവിനോടാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് സംഭവം.
പെണ്ണാണെന്ന് നോക്കില്ല, കായികമായി നേരിടും. കേസുവന്നാലും ഒരു കുഴപ്പവുമില്ലെന്ന തരത്തിലായിരുന്നു നേതാവിന്റെ ഭീഷണി. എ ഗ്രൂപ്പിന്റെ യോഗം ചേരുന്നുണ്ടെന്ന് അറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെതെന്ന് മര്‍ദ്ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് ആദ്യം മര്‍ദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി.ആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ മാധവ് എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ച സംഘം വനിതാ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
മേഘയുടെ വാക്കുകള്‍;
പതിനൊന്ന് മണിക്ക് കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു യോഗം ചേര്‍ന്നിരുന്നത്. അത് ഒരു രഹസ്യ യോഗം ആയിരുന്നു. യോഗം നടക്കുന്ന സ്ഥലത്തിനുള്ളിലേക്ക് പോയിരുന്നില്ല. ഞാനും ഏഷ്യാനെറ്റിലെ സി.ആര്‍ രാഗേഷും മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജനും കൂടി മുകളില്‍ യോഗം നടക്കുന്ന ഭാഗത്തേക്ക് പോയത്. അതിന്റെ ഉള്ളിലേക്ക് പോയിട്ടില്ല. അപ്പോഴേക്കും അവര്‍ ഇറങ്ങിവന്ന് ഡോര്‍ തുറന്ന് പ്രശ്നമാക്കി. യോഗം മൊബൈലില്‍ ഷൂട്ട് ചെയ്ത് എന്ന് പറഞ്ഞായിരുന്നു അക്രമം. ഷൂട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും എന്റെ ഫോണ്‍ തട്ടിപ്പറിച്ചു. ഫോണ്‍ തരില്ലെന്ന് പറഞ്ഞപ്പോള്‍ സ്ത്രീയാണെന്ന് നോക്കില്ല, കായികമായി നേരിടും. കേസ് വരികയാണെങ്കിലും പ്രശ്നമില്ല എന്നാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംസാരിച്ചത്.