തിരുവനന്തപുരം: ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനൂപ് രാധാകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിനായിരുന്നു ഇത്തവണത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയെത്.
ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുത്തലയുള്ള കാവി പുതച്ച സന്യാസിയെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. സവര്‍ണ ഫാസിസ്റ്റ് മനോഭാവങ്ങളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണാണിത്. കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത് പിതൃശൂന്യതയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
‘മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല
നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരും,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ അടുത്തിടെ സവര്‍ണ ഫാഷിസ്റ്റ് മനോഭാവങ്ങളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ അടുത്തിടെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങളാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങള്‍ക്ക് വഴിവെച്ച കാര്‍ട്ടൂണ്‍ കൂടിയാണിത്.
Discussion about this post