ദുബായിയില്‍ പോയി മയിലിനെ കറിവച്ച് വരാമെന്ന് ഫിറോസ്: സൈബര്‍ ആക്രമണം

പാലക്കാട്: പാചക പരീക്ഷണ വീഡിയോകളിലൂടെ പ്രസിദ്ധനായ യൂടൂബ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ പ്രതിഷേധം ശക്തം. ഫിറോസിന്റെ പുതിയ പാചകത്തെ കുറിച്ചുള്ള അനൗണ്‍സ്മെന്റാണ് തീവ്ര ദേശീയ വാദികളെ പ്രകോപിതരാക്കിയിരിക്കുന്നത്.

മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോവുകയാണെന്നായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം. ഇതോടെ ദേശീയത ഉയര്‍ത്തി ഒട്ടേറെ പേര്‍ രംഗത്തെത്തി. ആറായിരത്തിലേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇവിടെ മയിലിനെ തൊടാന്‍ പോലും പറ്റില്ലെന്നും കേസാണെന്നും അതുകൊണ്ടാണ് ദുബായ് പോയി കറി വയ്ക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാന്‍ മയിലിനെ വാങ്ങാന്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ മയില്‍ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് രാജ്യ വിരുദ്ധമാണെന്നും ചിലര്‍ കമന്റ് ചെയ്തു. പ്രകോപന കമന്റുകളും ഭീഷണികളുമെല്ലാം നിറഞ്ഞെങ്കിലും ഇതിനോടൊന്നും ഫിറോസ് മറുപടി നല്‍കിയിട്ടില്ല. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരിലും മിക്കവരും സംഘപരിവാര്‍ അനുകൂല നിലപാടുള്ളവരാണ്.

‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്.’ ഇത്ര ‘ഭംഗിയുള്ള ഒരു പക്ഷിയെ കറി വയ്ക്കാന്‍ തനിക്ക് എങ്ങനെ തോന്നുന്നു’വെന്നും ചിലര്‍ ചോദിക്കുന്നു.

Exit mobile version