തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഒന്‍പത് ക്ലാസുകള്‍ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.
പ്രവേശനം നേടിയ എല്ലാ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും നവംബര്‍ 15 ന് സ്‌കൂളിലെത്തണമെന്നാണ് നിര്‍ദേശം. അതിനായി അന്നേ ദിവസം പ്ലസ് ടു ക്ലാസുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
ആദ്യദിനം തന്നെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ മാര്‍ഗരേഖയിലെ നിര്‍ദേശ പ്രകാരം ബാച്ചുകളായി തിരിച്ച് സ്‌കൂളില്‍ വരേണ്ട ദിനങ്ങള്‍ ക്രമീകരിക്കണം.
പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ പ്ലസ് ടു ക്ലാസുകള്‍ക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകള്‍ നടക്കുക.