കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പിതാവും രണ്ട് കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുട്ടികളുടെ കായിക പരിശീലനം കഴിഞ്ഞ് കാറില്‍ തിരിച്ച് പോവുന്നതിനിടെയാണ് മുന്‍ ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകന്‍ വിമലും വിമലിന്റെ രണ്ട് മക്കളും സഞ്ചരിച്ച കാറിന് തീപിടിച്ചത്.
കാറിനുള്ളില്‍നിന്ന് പുക ഉയരുന്ന് കണ്ട ഉടനെ വണ്ടി നിര്‍ത്തി മൂവരും പുറത്തിറങ്ങി. പിന്നാലെ കാര്‍ അഗ്നിഗോളമായി മാറുകയായിരുന്നു. മറ്റെന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നെ തന്നെ കാര്‍ പൂര്‍ണമായും കത്തുകയും ചെയ്തു. വെള്ളിമാട് കുന്ന് ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും കാര്‍ പകുതിയിലേറേയും തീ വിഴുങ്ങി കഴിഞ്ഞിരുന്നു.
ഉടന്‍ തന്നെ വെള്ളം തളിച്ച് തീ കെടുത്താനുള്ള നടപടി ആരംഭിച്ചെങ്കിലും പൂര്‍ണമായും കത്തിയ കാറിന്റെ ഇരുമ്പ് ബോഡി മാത്രമാണ് ബാക്കിയായത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇതുവരെ എതെങ്കിലും തരത്തിലുള്ള പ്രശ്നം വണ്ടിക്ക് ഉണ്ടായിരുന്നില്ലെന്നും വിമല്‍ പറയുന്നു.