സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേരളസര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കേ, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിലപാടിനെപിന്തുണച്ച് മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയെക്കുറിച്ച് കേരള ധനമന്ത്രി ചില കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചിദംബരം ട്വിറ്റര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അത് ശരിയല്ലെങ്കില്‍ വിയോജനക്കുറിപ്പ് പുറപ്പെടുവിക്കുകയാണ് കേന്ദ്രധനമന്ത്രി ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
ജി.എസ്.ടി. പിരിക്കുന്നതിലെ വിവേചനവും കേന്ദ്രസര്‍ക്കാരിന്റെ നികുതികൊള്ളയും വിവരിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ കെ.എന്‍. ബാലഗോപാല്‍ വെള്ളിയാഴ്ചയെഴുതിയ ലേഖനം പരാമര്‍ശിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ചിദംബരത്തിന്റെ ട്വീറ്റുകള്‍.
ബാലഗോപാല്‍ ലേഖനത്തില്‍ വിവരിച്ച കണക്കുകള്‍ പ്രത്യേകം എടുത്തുപറഞ്ഞ ചിദംബരം, ഇതാണ് മോഡിസര്‍ക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു. ഒരു ഭാഗത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുംചെയ്യുകയാണ് കേന്ദ്രസര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു.