കല്‍പ്പറ്റ: നോറോ വൈറസ് സ്ഥിരീകരിച്ചതോടെ വയനാട്ടില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ 34 വിദ്യാര്‍ഥികളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് നോറോ വൈറസ് പകരുന്നത്. ഒക്ടോബര്‍ 22നാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക് വയറിളക്കവും ഛര്‍ദിയും കൂട്ടത്തോടെ അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയെന്നായിരുന്നു ആദ്യനിഗമനം. മൂന്ന് പേര്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ 34 കുട്ടികള്‍ക്ക് കൂടി സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തിയത്. ആലപ്പുഴ വൈറളോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ 34 പേരുടെയും രക്തത്തില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു
മലിനജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് നോറോ വൈറസ് പകരുന്നത്. അതിനാല്‍ തന്നെ ഹോസ്റ്റലിലെയും സമീപപ്രദേശത്തെയും മുഴുവന്‍ കുടിവെള്ള സ്രോതസുകളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. നീണ്ടുനില്‍ക്കുന്ന വയറിളക്കവും ഛര്‍ദിയും പനിയും തലവേദനയുമാണ് പ്രധാനലക്ഷണങ്ങള്‍.
വ്യാപന ശേഷി കൂടിയ വൈറസ്, കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭീഷണിയാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പൊതു കുടിവെള്ള സ്രോതസുകളും ശുചീകരിക്കാന്‍ കലക്ടര്‍ നിര്‍ശിച്ചു.
Discussion about this post