ബന്ധുക്കളെ കാണാനിറങ്ങിയ വയോധിക വഴി തെറ്റി എത്തിയത് എറണാകുളം കളക്ടറേറ്റില്‍; ഒടുവില്‍ കളക്ടറുടെ ഇടപെടലില്‍ പാറുക്കുട്ടി അമ്മയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു

കൊച്ചി: ബന്ധുക്കളെ കാണാന്‍ വീട്ടുകാരോട് പറയാതെ വീടുവിട്ടിറങ്ങിയ വയോധിക വഴി തെറ്റി എത്തിയത് എറണാകുളം കളക്ടറേറ്റില്‍. ഒടുവില്‍ കളക്ടറുടെ ഇടപെടലില്‍ കണിമംഗലം വടക്കെപുരക്കല്‍ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി അമ്മയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ വഴി തെറ്റി കലക്ടറേറ്റിലെത്തിയത്.

മറവി രോഗം ബാധിച്ച പാറുക്കുട്ടി അമ്മ, നെടുപുഴയിലുള്ള ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ മക്കളെ കാണുന്നതിന് പുതൂര്‍ക്കരയിലുള്ള സഹോദരന്റെ മകന്റെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഈ സമയം സഹോദരന്റെ മകന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നെടുപുഴയ്ക്ക് പോകേണ്ടതിന് പകരം പാറുക്കുട്ടി അമ്മ എത്തിയത് എറണാകുളം കളക്ടറേറ്റിലായിരുന്നു.ചെന്നെത്തിയത് എറണാകുളം കലക്ടറേറ്റിലായിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കലക്ടറേറ്റ് ജീവനക്കാരായ പ്രതിഭയും ഗോപാലകൃഷ്ണനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് നെടുപുഴയിലേക്ക് ഓട്ടോറിക്ഷ വിളിച്ച് പറഞ്ഞയച്ചു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ വീട് എവിടെയാണെന്ന് പേരാമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജിക്കും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ വയോധികയെ കളക്ടറേറ്റിലേക്കു തന്നെ തിരിച്ചെത്തിച്ചു.

ഒടുവില്‍ വിവരമറിഞ്ഞ ജില്ലാ കളക്ടര്‍, വയോധികയുടെ വീട് കണ്ടെത്തി സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Exit mobile version