തിരുവനന്തപുരം: കുടുംബപ്രശ്നത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ യുവാവിനെ, ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റി വെഞ്ഞാറമൂട് പോലീസ്. കിളിമാനൂര്‍ സ്വദേശിയായ 40കാരനാണ് പോലീസ് രക്ഷയായത്.
വെഞ്ഞാറമൂട് പോത്തന്‍കോട് റോഡില്‍ വേളാവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച രാത്രി 11.45നാണ് സംഭവം. പതിവ് പോലെ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയതാണ് എഎസ്ഐ പ്രസാദും സിപിഒ അശോക് അശോകും. പെട്രോള്‍ പമ്പിന് സമീപമുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിന് സമീപം കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്ക്, ജീപ്പില്‍ ഉണ്ടായിരുന്ന എഎസ്ഐ പ്രസാദ് ടോര്‍ച്ച് ഉപയോഗിച്ച് ചുറ്റും വീശി നോക്കി.
പതുക്കെ മുന്നോട്ട് പോകുന്നതിനിടെ പെട്ടന്ന് ഒരു മനുഷ്യരൂപം ഫര്‍ണിച്ചര്‍ ഉണ്ടാക്കി വില്‍ക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നി. സംശയം തോന്നിയ അദ്ദേഹം പെട്ടെന്ന് ഇറങ്ങി ആ ഭാഗത്തേക്ക് ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ ആത്മഹത്യക്കായി ഡെസ്കിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്ക് ഇട്ട് നില്ക്കുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്.
പോലീസിനെ കണ്ട ഉടനെ ഇയാള്‍ താഴേക്ക് ഇറങ്ങി ബോധരഹിതനെ പോലെ കിടന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സിന്റെ സേവനം തേടി. പരിശോധനയില്‍ കിളിമാനൂര്‍ സ്വദേശിയാണെന്ന് മനസിലായി. ആത്മഹത്യാ ശ്രമത്തിന് മുന്‍പ് മദ്യപിച്ചിരുന്നു.
‘എന്റെ മരണത്തില്‍ ആരും ഉത്തരവാദികള്‍ അല്ല സ്വയം ഇഷ്ടപ്രകാരം ഞാന്‍ മരണത്തിലേക്ക് പോകുന്നു അതുകൊണ്ടുതന്നെ ഞാന്‍ തൂങ്ങി മരിക്കുന്ന ഈ കടയ്ക്കും മറ്റു വ്യക്തികള്‍ക്കും എന്റെ മരണത്തില്‍ പങ്കില്ല’ എന്ന് ഒരു ആത്മഹത്യ കുറിപ്പും ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു.
ആംബുലന്‍സ് എത്തുമ്പോഴേക്കും നിലത്ത് ബോധരഹിതയായി കിടന്ന അദ്ദേഹം ചാടി എഴുന്നേറ്റു. മരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. ഭാര്യയുമായുള്ള കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണം. രണ്ട് കുട്ടികളുണ്ട്. ടൈല്‍സ് ജോലികള്‍ക്ക് പോകുന്നയാളാണെന്ന് ചോദിച്ചറിഞ്ഞു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറഞ്ഞു മനസിലാക്കി സമാധാനിപ്പിച്ചു.
തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ വാങ്ങി ബന്ധുക്കളെ വിവരം അറിയിച്ചു. നേരെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെഞ്ഞാറമൂട് സിഐ സൈജു നാഥിന്റെ അടുത്ത് എത്തിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സിഐ ഇയാളെ സാന്ത്വനിപ്പിച്ചു.
രാത്രി തന്നെ വീട്ടില്‍ എത്തിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി. പോലീസ് സംഘം നേരെ ഇയാളുമായി കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് വേണ്ട സഹായം ഒരുക്കാം എന്നും വ്യാഴാഴ്ച രാവിലെ സ്റ്റേഷനില്‍ എത്താനും അറിയിച്ചു. തുടര്‍ന്ന് നേരെ വീട്ടില്‍ എത്തിച്ചു.
തങ്ങള്‍ ഒരു മിനിറ്റ് വൈകിയിരുന്നുയെങ്കില്‍ 40കാരന്റെ ജീവന് നഷ്ടമാകുമായിരുന്നു എന്ന് എഎസ്ഐ പ്രസാദ് പറഞ്ഞു. മരണത്തിലേക്ക് നടക്കാന്‍ തുടങ്ങിയ യുവാവിന്റെ ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പോലീസ് ഉദ്യോഗസ്ഥരായ പ്രസാദും അശോക് അശോകും
Discussion about this post