കൊച്ചി: മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസില്‍ വീണ്ടും ട്വിസ്റ്റ്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസ് ഉണ്ടാവും. ഉപാധികള്‍ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാതൊരു ഉപാധികളുമില്ലാതെയാകും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഒടിടിയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമായി.
തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വെച്ചതായും എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അത് വിജയം കണ്ടതായും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് തീരുമാനിച്ച പ്രകാരം ഡിസംബര്‍ 31 വരെ
സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളില്‍ കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം ഉണ്ടാവും.
തിയേറ്റര്‍ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനില്‍ റിലീസ് ചെയ്യുന്നതിനായി നിര്‍മ്മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സാധാരണയായി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്ട്രീം ചെയ്യാന്‍ അനുവാദമുണ്ട്.
ക്രിസ്മസ് പ്രമാണിച്ച് പ്രദര്‍ശനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിന്റെ അനുമതി തേടിയേക്കും. ബിഗ് ബജറ്റ് റിലീസുകള്‍ കൊണ്ട് മാത്രമേ തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകര്‍ഷിക്കാനാകൂ എന്നാണ് എല്ലാ തിയേറ്റര്‍ ഉടമകളുടെ സംഘടനകളുടെയും അഭിപ്രായം.
മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രം ആമസോണ്‍ പ്രൈം വീഡിയോ 90 കോടി മുതല്‍ 100 കോടി രൂപ വരെ വിലയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരുന്നു. ആമസോണ്‍ ഇന്ത്യയില്‍ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളില്‍ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
100 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിര്‍മ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. 90 കോടി മുതല്‍ 100 കോടി രൂപ വരെ നല്‍കിയാണ് ആമസോണ്‍ ചിത്രം വാങ്ങിയതെങ്കില്‍, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേര്‍ന്നാല്‍ നിര്‍മ്മാതാവിന് മികച്ച ലാഭം ലഭിക്കും.