കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായ ദിനങ്ങളിൽ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽനിന്നായി രണ്ട് കോടിയോളം രൂപയുടെ സ്വർണമിശ്രിതം പിടികൂടി. 4.7 കിലോ സ്വർണമിശ്രിതമാണ് ആകെ പിടിച്ചെടുത്തത്.
ബഹ്റൈനിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ 2.2 കിലോ സ്വർണമിശ്രിതം കടത്തുന്നതിനിടെയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയത്.
അതേസമയം, എയർ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽനിന്ന് 2.5 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഇയാൾ പാന്റ്സിലെ രഹസ്യ അറകളിൽ തുന്നിപിടിപ്പിച്ചനിലയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. മലപ്പുറം സ്വദേശി അബ്ദുൾ ജലീലിൽനിന്ന് 355 ഗ്രാം സ്വർണവും പിടികൂടി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തുന്നതായി ഡിആർഐയ്ക്കും കസ്റ്റംസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് യാത്രക്കാരിൽനിന്ന് സ്വർണംപിടികൂടിയത്. കഴിഞ്ഞദിവസം മലപ്പുറം സ്വദേശിനിയായ എയർ ഹോസ്റ്റസിൽനിന്നും 99 ലക്ഷത്തിന്റെ സ്വർണം പിടിച്ചെടുത്തിരുന്നു. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരും.
Discussion about this post