കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയില്‍ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടല്‍ കാരണം. കോഴിക്കോട് പന്തീരങ്കാവിനടുത്ത പയ്യടി മീത്തല്‍ സ്കൂളിലെത്തിച്ച കോഴിമുട്ടയിലാണ് നിറവ്യത്യാസം കണ്ടെത്തിയത്.
അധ്യാപകര്‍ വിഷയം ഭക്ഷ്യ സുരക്ഷാ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് അറിയിച്ചു.
നിറവ്യത്യാസമുള്ള മുട്ടകള്‍ മാറ്റിവെച്ച് ബാക്കിയുള്ളവ വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായിരുന്നു സ്കൂളിന് കിട്ടിയ നിര്‍ദേശം.
പക്ഷെ വിഷയം ശ്രദ്ധയില്‍പ്പെട്ട കുന്ദമംഗലം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന് ഡോ.രഞ്ജിത്ത് ഗോപി സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് സ്യൂഡോ മോണസ് എന്ന അതിമാരകമായ സൂക്ഷ്മാണുവിനെ കണ്ടെത്തിയത്.
കേടായ മുട്ടയില്‍ നിന്നും മറ്റ് മുട്ടകളിലേക്കും വിഷാംശം എത്താന്‍ സാധ്യതയുണ്ടെന്ന രഞ്ജിത്തിന്റെ സംശയത്തെ തുടര്‍ന്ന് മാത്രം കുട്ടികള്‍ക്ക് മുട്ടകള്‍ കൊടുക്കാതിരുന്നതാണ് വന്‍ ദുരന്തത്തില്‍ നിന്ന് സ്കൂളിലെ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്.
സ്കൂളിലെത്തിച്ച് മുട്ടകള്‍ക്ക് പിങ്ക് നിറമായിരുന്നു. വെള്ള അല്‍പ്പം കലങ്ങിയ രീതിയിലും കാണപ്പെട്ടു. ചില മുട്ടകള്‍ക്ക് മാത്രമാണ് നിറ വ്യത്യാസമെങ്കിലും തോടുകളിലൂടെ മറ്റ് മുട്ടകളിലേക്കും രോഗാണു എത്തുമെന്നതാണ് യാഥാര്‍ഥ്യം. തുടര്‍ന്ന് മുട്ടകള്‍ നശിപ്പിക്കുകയായിരുന്നു. അമ്പതിലേറെ മുട്ടകളുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
മുതിര്‍ന്നവരില്‍ പോലും സ്യൂഡോ മോണസ് ബാക്ടീരിയ വലിയ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ കുട്ടികളില്‍ ഒരു പക്ഷെ മരണം വരെ സംഭവിക്കാവുന്ന ലക്ഷണങ്ങള്‍ ബാക്ടീരിയ ഉള്ളില്‍ ചെല്ലുമ്പോള്‍ കാണിക്കുമെന്നാണ് പറയുന്നത്.
കൃത്യസമയത്ത് ഇടപെടല്‍ നടത്തിയ ഡോ.രഞ്ജിത്തിന്റെ ജില്ലാ കളക്ടര്‍ അടക്കം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post