അടൂർ: കുട്ടിക്കാലം തൊട്ട് പ്രതിസന്ധികൾ തളർത്തിയ ജ്യോതിക്ക് ആശ്വാസമായി തോളോടു തോൾ ചേർന്ന് നടക്കാൻ കൂട്ടായി ബിനു എത്തി. അടൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സ്വന്തം പെങ്ങളുകുട്ടിയായ ജ്യോതിയെ സുരക്ഷിതമായ കരങ്ങളെ പിടിച്ചേൽപ്പിച്ച നിർവൃതിയിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥരും.
അടൂർ പോലീസ് സ്റ്റേഷനിൽ കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് വൊളന്റിയറായി പ്രവർത്തിക്കുന്ന ജ്യോതിയുടെ വിവാഹം ബുധനാഴ്ചയാണ് നടന്നത്. പോലീസ് സാന്നിധ്യത്തിലായിരുന്നു മാംഗല്യം. ഇളമണ്ണൂർ പുതങ്കര കൊല്ലായിക്കോട് പുത്തൻ വീട്ടിൽ പൊടിയന്റെയും പരേതയായ സരസ്വതിയുടെയും മകളാണ് എസ് പി ജ്യോതി.
വരൻ ബിനു ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ്. പന്തളം കുരമ്പാല ബിനുഭവനിൽ ഭാർഗവന്റെയും തങ്കമണിയുടെയും മകനാണ് ബിനു. ചെറുപ്പംമുതൽ ജീവിത പ്രാരബ്ധങ്ങളോട് പടപൊരുതിയായിരുന്നു ജീവിതം. അമ്മയുടെ മരണശേഷം വരുമാനത്തിനായി ഡ്രൈവിങ് പഠിച്ചു. ആദ്യം ചെറിയ വാഹനങ്ങൾ ഓടിച്ചുപഠിച്ച ശേഷം ബസുകളും മറ്റു വാഹനങ്ങളും ഓടിക്കാൻ പഠിച്ചു. പിന്നീട് ഡ്രൈവിങ് സ്കൂളിൽ ജോലിയുെ ചെയ്തു.
പിന്നീട് അവിടെ നിന്ന് അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ എം പാനൽ കണ്ടക്ടറായും ജോലിനോക്കി. സാമ്പത്തികമായി ഒന്നു പിടിച്ചുനിൽക്കാൻ തുടങ്ങിയപ്പോഴേക്കും ആ തൊഴിൽ നഷ്ടപ്പെട്ടു. പിന്നീട് ശബരിമല സീസണിലും മറ്റും തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ പോലീസ് ഓഫീസറായും അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയറായും സേവനം അനുഷ്ടിച്ചു.
ജ്യോതി തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കൾക്ക് ലോക്ഡൗൺ സമയത്ത് ഭക്ഷണം നൽകിയും വ്യത്യസ്തയായിരുന്നു. പക്ഷികൾക്കും ഇതോടൊപ്പം ഭക്ഷണം നൽകി. സ്കൂട്ടറിലെത്തിയായിരുന്നു ഭക്ഷണവിതരണം.
കുട്ടിക്കാലം തൊട്ട് ഒറ്റപ്പെടലിന്റെ നോവ് അനുഭവിച്ചാണ് ജ്യോതി വളർന്നത്. വീട്ടിൽ താമസിച്ചിരുന്ന പ്രായമായ ഒരു ബന്ധുവിനെ പെട്ടെന്ന് കാണാതായതോടെയാണ് ജ്യോതിയുടെ കുടുംബത്തെ ബന്ധുക്കൾ ഒറ്റപ്പെടുത്തിയത്. ബന്ധുവിനെ ഇവർ വകവരുത്തി മൃതശരീരം ഒളിപ്പിച്ചു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
പിന്നീട്, പക്ഷേ 14 വർഷത്തിനു ശേഷം ഈ ബന്ധു തിരികെ നാട്ടിൽ എത്തി. അപ്പോഴേക്കും പലരുടെയും കുത്തിനോവിക്കലുകൾക്കിരയായിരുന്നു ഈ പെൺകുട്ടി.
Discussion about this post