ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ബോധക്ഷയം വന്ന നിമിഷ നേരം കൊണ്ട് ബസ് നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി ഡ്രൈവര്‍. കുഴഞ്ഞു വീഴുന്നതിനു മുന്‍പ് തന്നെ ബസ് നിര്‍ത്താന്‍ സാധിച്ചതാണ് അപകടം വഴിമാറാന്‍ ഇടയാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയില്‍ കരുവാറ്റ പവര്‍ഹൗസിനു സമീപമായിരുന്നു സംഭവം.
ഡ്രൈവറെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാത്തതിനാല്‍, പിന്നാലെ വന്ന ഓര്‍ഡിനറി ബസ് ഡ്രൈവര്‍ സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് ആശുപത്രിയിലെത്തിച്ചു. പാലക്കാട്ടു നിന്നു പാറശാലയിലേയ്ക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ഡ്രൈവര്‍ വൈക്കം സ്വദേശി എന്‍.ജി.ബിജു (44) തലചുറ്റുന്നതായി തോന്നിയപ്പോള്‍ തന്നെ മനോധൈര്യം കൈവിടാതെ ബസ് നിര്‍ത്തുകയായിരുന്നു.
ബസ് നിന്നതും ബോധംകെട്ടു വീണതും ഒരുമിച്ചായിരുന്നു. കണ്ടക്ടര്‍ എം.ആര്‍.സനല്‍രാജ് കുമാറും യാത്രക്കാരും ചേര്‍ന്ന് എടുത്തു സീറ്റില്‍ കിടത്തി. ബസിലുണ്ടായിരുന്ന ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കി എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താന്‍ തയാറായില്ല. ഒടുവില്‍ ഹരിപ്പാട് ഡിപ്പോയിലെ ഓര്‍ഡിനറി ബസ് ഡ്രൈവര്‍ ജി.പ്രദീപ് സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് ബിജുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു.