ബാലരാമപുരം: വാഹനാപകടത്തില്‍ മരിച്ച തന്റെ യജമാനന് രാജേഷിനെ കാത്ത് ആഹാരം പോലും കഴിക്കാതെ കാത്തിരിക്കുന്ന വളര്‍ത്തുനായ കണ്ണീര് കാഴ്ചയാകുന്നു. ചൊവ്വാഴ്ച ഇന്‍ഫോസിസിനു സമീപം വാഹനാപകടത്തില്‍ മരിച്ച രാജേഷും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത് താന്നിവിള മലവിള വീട്ടില്‍ ഭാഗീരഥിയുടെ മകന് സുധാകരന്റെ താന്നിവിളയിലെ തിരുവാതിര എന്ന വീട്ടിലാണ്.
രാജേഷ് താമസിച്ചിരുന്ന വീട്ടില്‍ വളര്‍ത്തുനായ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. രാജേഷിന്റെ വിയോഗം അറിഞ്ഞ നാട്ടുകാര്‍ നായക്കുട്ടിക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കാതെ ഒരേ ഇരിപ്പ് തന്നെ ഇരിക്കുകയാണ് ഈ നായക്കുട്ടി. ഇതാണ് നോവ് കാഴ്ചയാവുന്നത്. രണ്ടുവര്‍ഷം മുമ്പാണ് രാജേഷും കുടുംബവും സുധാകരന്റെ വീട് വാടകയ്ക്കെടുത്തത്.
ബൈപ്പാസില്‍ റോഡപകടത്തില്‍ മരിച്ച രാജേഷ് എസ്.മേനോന്റെയും മകന് ഋത്വിക് രാജേഷിന്റെയും മൃതദേഹങ്ങള്‍ സ്വദേശമായ തൃശ്ശൂര്‍ നെന്മണിക്കര പാഴായിയിലേക്ക് എത്തിച്ചു. പനിയത്ത് എന്ന കുടുംബവീടിന്റെ വളപ്പില്‍ ഇന്ന് ഉച്ചയോടെ ശവസംസ്കാരം നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്.
അപകടത്തില്‍ താടിയെല്ലിനു പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുചിതയെ തുടര്‍ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റിയിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുപേരും സഞ്ചരിച്ച സ്കൂട്ടര്‍ തമ്പുരാന്‍മുക്കിനും മുക്കോലയ്ക്കലിനുമിടയ്ക്ക് കെ.എസ്.ആര്.ടി.സി. ബസിന്റെ പിന്നിലിടിക്കുകയായിരുന്നു.
Discussion about this post