തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാരുടെ വ്യത്യസ്ത പ്രതിഷേധം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ എംഎൽഎ ഹോസ്റ്റലിൽ നിന്നും യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭയിലെത്തിയത്.
പെട്രോൾ-ഡീസൽ വില വർധനവിനെ തുടർന്ന് ജനം ദുരിതത്തിലാവുമ്പോൾ നികുതി കുറക്കാത്ത സംസ്ഥാന സർക്കാറിന്റേയും നാമമാത്രമായ കുറവ് വരുത്തിയ കേന്ദ്രസർക്കാറിന്റേയും സമീപനത്തിനെതിരെയാണ് യുഡിഎഫ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ പറഞ്ഞു.
നികുതി കുറക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ ആദ്യം പഞ്ചാബ് കുറക്കട്ടെയെന്നാണ് കേരളം പറഞ്ഞത്. പഞ്ചാബ് കുറച്ചപ്പോൾ അവിടെ തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് ഇളവ് നൽകിയതെന്ന് പറഞ്ഞു. നേരത്തെ കേന്ദ്രസർക്കാർ കുറച്ചാൽ ഇളവ് നൽകാമെന്നായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നതെന്നും സതീശൻ പറഞ്ഞു.
കേന്ദ്രസർക്കാർ നികുതി ഇനിയും കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ എക്സൈസ് നികുതി പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഇതേമാതൃകയിൽ കേരളത്തിലും നികുതി കുറക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Discussion about this post