പത്തനംത്തിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തെ വീണ്ടും രാഷ്ട്രീയവത്കരിക്കാനൊരുങ്ങി ബിജെപി. പ്രതിഷേധം ശക്തമാക്കാന്‍ ഉത്തരേന്ത്യന്‍ സന്യാസികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപി നീക്കം നടത്തുന്നു. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
ശബരിമലയുമായി അടുത്ത ഏതെങ്കിലും പ്രദേശത്ത് വിപുലമായ സന്ന്യാസിസമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു സമരപരിപാടിക്ക് സംഘപരിവാര്‍ ആസൂത്രണം ചെയ്തത്. പ്രക്ഷോഭത്തെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാനാണ് ഇത്തരത്തിലൊരു നീക്കം. രാമജന്മഭൂമി പ്രശ്നത്തില്‍ സന്ന്യാസിമാരെ മുന്‍നിര്‍ത്തി നടത്തിയ സമരരീതി കേരളത്തിലും പരീക്ഷിക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്.
അതേസമയം ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുമെന്നും ഇതിനായി നാല് ജനറല്‍ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിച്ചിട്ടുണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു.പത്തനംതിട്ട, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വനിതകളുടെ നേതൃത്വത്തില്‍ ഉപവാസം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post