കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻമേയർ ടോണി ചമ്മണി ഉൾപ്പെടെ അഞ്ചുപേർക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അഞ്ചുപേരും 37,500 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം. നേതാക്കൾ നാളെ രാവിലെ പത്തരയോടെ ജയിലിൽനിന്ന് ഇറങ്ങും. കാറിന്റെ ചില്ല് മാറ്റുന്നതിനുൾപ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവു വരുമെന്നാണു കോടതിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ 50% തുക പ്രതികൾ കോടതിയിൽ കെട്ടിവയ്ക്കണം. ഇതനുസരിച്ചാണ് അഞ്ചുപേരും 37,500 രൂപ വീതം സെക്യുരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചത്.
ഇതോടൊപ്പം 50,000 രൂപ വീതമുള്ള രണ്ട് ആൾജാമ്യവും ഓരോർത്തരും ഹാജരാക്കണമെന്നും കോടതി അറിയിച്ചു. ഷാജഹാൻ, അരുൺ വർഗീസ് എന്നിവർക്കാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. ഇവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.