സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല; അറിയിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയിലെ പ്രതിഷേധം മാത്രമെന്നും അജിതാ തങ്കപ്പന്‍

കൊച്ചി: തൃക്കാക്കരയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍. പരാമര്‍ശം വിവാദത്തില്‍ കലാശിച്ചതോടെയാണ് വിശദീകരണവുമായി അജിതാ തങ്കപ്പന്‍ രംഗത്തെത്തിയത്. സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജോജു ജോര്‍ജിന്റെ ചിത്രമാണെങ്കില്‍ പാര്‍ട്ടിയോട് ആലോചിച്ച ശേഷം മാത്രമേ ചിത്രീകരണത്തിന് അനുമതി നല്‍കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ പരിധിയില്‍ ജയറാം, മീരാ ജാസ്മിന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടി എത്തിയ സിനിമാ പ്രവര്‍ത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയര്‍പേഴ്‌സണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാര്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാന്‍ എന്നെല്ലാമായിരുന്നു അജിതയുടെ പ്രതികരണം. സംഭവത്തില്‍ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു.

അജിതയുടെ വാക്കുകള്‍;

‘ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ നേതാക്കള്‍ ശബ്ദമുയര്‍ത്തിയത്. അവരെ ഒരു ജോജു ജോര്‍ജ് കാരണം ക്രിമിനലിനെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് പോലീസ് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനില്‍ കൊതുകുകടിയും കൊണ്ടിരിക്കുന്നവരെ കണ്ടിട്ട് വരുന്ന ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയില്‍ നിന്നും ഉണ്ടാകുന്ന പ്രതിഷേധമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഞാന്‍ നന്നായി പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങള്‍ക്ക് തരില്ല, പാര്‍ട്ടിയോട് ആലോചിക്കണം എന്നൊക്കെ അവരോട് പറഞ്ഞിരുന്നു.

‘ഇന്നലെ ഉച്ചയോടെയാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് അനുമതി തേടി പിന്നണി പ്രവര്‍ത്തകരില്‍ ഒരാള്‍ ഓഫീസില്‍ എത്തിയത്. ജോജുവിന്റെ ചിത്രമാകുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ എന്റെ പ്രതിഷേധം അറിയിക്കുകയാണ് ഉണ്ടായത്. എന്റെ പ്രതിഷേധം അല്‍പം രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു. പിന്നീടാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രമാണെന്ന് അറിഞ്ഞത്. ശേഷം അവരുടെ ഫയല്‍ ഞാന്‍ വാങ്ങിവെക്കുകയാണ് ഉണ്ടായത്. എന്തായാലും അനുമതി തരാതിരിക്കില്ല എന്ന് അവരോട് തന്നെ പറഞ്ഞിരുന്നു. രണ്ട് മൂന്ന് വര്‍ഷമായി എല്ലാവരും കഷ്ടപ്പെടുകയാണ്. എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ സിനിമക്ക് ചിത്രീകരണം അനുവദിക്കില്ലെന്ന നിലപാട് ഇല്ല.’

Exit mobile version