തിരുവനന്തപുരം: നടൻ ജോജു ജോർജിന് നേരെ ഭീഷണി നിലനിൽക്കുന്നെന്ന് നിയമസഭയിൽ ചൂണ്ടിക്കാണിച്ച് നടനും എംഎൽഎയുമായ മുകേഷ്. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം. ജോജുവിന്റെ കുട്ടികൾക്കും മാതാപിതാക്കൾക്കും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും മുകേഷ് പറഞ്ഞു.
ഒരു പൗരൻ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവിൽ നിന്ന് ഉണ്ടായത്. എന്നാൽ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉൾപ്പെടെ അക്രമിച്ച തകർത്തർക്ക് എതിരെ ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും മുകേഷ് സഭയിൽ ഉന്നയിച്ചു.
അതേസമയം, സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയൽ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കർക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികൾക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാർ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സർക്കാർ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
Discussion about this post