കൊച്ചി: നടന് ജോജു ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പരിഹാസ കുറിപ്പുമായി മുന്‍ ജഡ്ജി എസ് സുദീപ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. ജോജു ജോര്‍ജിന്റെ സ്റ്റാര്‍ സിനിമ മാറിയിട്ടും പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് ഷേണായിസ് തിയേറ്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. ഈ നടപടിക്കെതിരെയാണ് സുദീപിന്റെ പരിഹാസം.
‘ഇന്നുവരെ ഞാന്‍ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറാണെന്നാണ്. സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടര് പ്രകടനം നടത്തിയ വാര്‍ത്ത ഇന്നു വായിച്ചപ്പോള്‍, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പില്‍ മെഴുതിരി കത്തിച്ചുവെച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി,’ സുദീപ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പില്‍ സംഘപരിവാര്‍ നിഷ്പ്രഭമായിപ്പോയിയെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സംഘപരിവാറിനോട് ഞാൻ നിരുപാധികം മാപ്പു ചോദിക്കുന്നു.
നിങ്ങളെ ഞാൻ ഒരുപാട് പുച്ഛിക്കുകയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ തെറ്റാണെന്നു ഞാൻ തിരിച്ചറിഞ്ഞത് ഇന്നാണ്.
ഇന്നുവരെ ഞാൻ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികൾ സംഘപരിവാറാണെന്നാണ്.
സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റർ തിയേറ്ററിൽ പ്രദർശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടർ പ്രകടനം നടത്തിയ വാർത്ത ഇന്നു വായിച്ചപ്പോൾ, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പിൽ മെഴുതിരി കത്തിച്ചു വച്ച് ഞാൻ പൊട്ടിക്കരഞ്ഞു പോയി.
എറണാകുളം ഷേണായ്സ് തിയേറ്ററിൽ നിന്ന് ‘സ്റ്റാർ’ എന്ന ചിത്രം മാറിയിട്ടും പോസ്റ്റർ നീക്കാത്തതിൽ പ്രതിഷേധിച്ച് തിയേറ്ററിലേയ്ക്കു പ്രകടനം നടത്തി, ചിത്രത്തിലഭിനയിച്ച ജോജുവിൻ്റെ ചിത്രത്തിൽ റീത്തു വച്ച്, ‘നിനക്കും പേപ്പട്ടിക്കും ഒരേ വിധി’ എന്നു കൊലവിളി നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ മുമ്പിൽ സംഘപരിവാർ നിഷ്പ്രഭമായിപ്പോയി!
വെൽഡൺ ഷാഫി പറമ്പിൽ!
ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് നടൻ ജോജുവിൽ നിന്നാണെന്ന സത്യം മനസിലാക്കിത്തന്നതിനു നന്ദി!
എന്നാലും സംഘപരിവാറിനെ നിങ്ങൾ തോല്പിച്ചു കളഞ്ഞല്ലോടാ, മക്കളേ…
ഒന്നാം സ്ഥാനം നഷ്ടമായതിൽ സംഘപരിവാറുകാർ സങ്കടപ്പെടേണ്ടതില്ല, അവരൊക്കെയും നാളെ സംഘപരിവാറിൽ ചേരാനുള്ളതല്ലേ…
Discussion about this post